കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് കാനത്തിൻ്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മന്ത്രി കെ രാജൻ ഭൗതിക ശരീരത്തെ അനുഗമിച്ചു. വൈകാതെ പട്ടത്തെ പിഎസ് സ്മാരകത്തിൽ ഭൗതികദേഹം പൊതുദർശനത്തിനു വെക്കും.
രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഡൊമസ്റ്റിക് കാർഗോ ടെർമിനലിലിൽ നിന്ന് ആറുപേർക്ക് സഞ്ചരിക്കാവുന്ന സ്വകാര്യ വിമാനത്തിൽ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
ഉച്ചക്ക് രണ്ട് മണി വരെയാണ് പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക.