കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിച്ചു. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനിൽ.ആർ, ശ്രീജേഷ്, അരുൺ, പി. അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിച്ചു.

കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജി മോൻ, അസിസ്റ്റന്റ ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ് റ്റിഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറിൽ നിന്നും യാത്ര സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്സൺ ഓഫീസർ ജിതിൻ രാജ് റ്റിഒ പാലക്കാട് ചിറ്റൂർ വരെ സംഘത്തെ അനുഗമിച്ചു. സൗറയിലെ എസ്.കെ.ഐ.എം എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ, ഷിജു കെ എന്നിവർ അവിടെ തുടരും.

ശ്രീനഗർ –ലേ ദേശീയപാതയിൽ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp