കിലോമീറ്ററിനുള്ളിൽ രണ്ട് കൊടുംവളവ്, മട്ടലായി കുന്നിടിച്ച് നീണ്ടുനിവർന്ന് ആറുവരിപ്പാത; സുഖയാത്രയിലേക്ക് കാസർകോട്

കാസർകോട്: യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പേടിസ്വപ്‌നമായ ചെറുവത്തൂർ മട്ടലായി – ഞാണങ്കൈ അപകടവളവുകൾ ഇല്ലാതാകുന്നു. നിർദിഷ്ട ദേശീയപാതയുടെ വരവോടെയാണ് നിരവധി പേരുടെ മരണങ്ങൾക്കും അപകടങ്ങൾക്കും കാരണമായ കൊടുംവളവുകൾ ഇല്ലാതാകുന്നത്.

മട്ടലായി ശ്രീരാമക്ഷേത്രത്തിനു സമീപത്തുനിന്ന് കൊവ്വൽ വരെയാണ് വളവുകൾ നിവർത്തിക്കൊണ്ടുള്ള പുതിയ ആറുവരിപ്പാത കടന്നുപോകുന്നത്. മട്ടലായിക്കുന്നിന്റെ വലിയൊരു ഭാഗം നീക്കം ചെയ്താണ് പ്രവൃത്തി നടക്കുന്നത്. മണ്ണെടുപ്പ് ജോലി പൂർത്തിയാകുന്നതോടെ എടവടക്കം വയലിലും കുണ്ടുവയലിലും പൂർത്തിയായ റോഡുമായി ഈ ഭാഗവും ബന്ധിപ്പിക്കും. നിലവിൽ ഇവിടെ നിന്നുള്ള മണൽ നീക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.

വയലിനു കുറുകേ പോകുന്ന പാത പടന്ന ഓവർ ബ്രിഡ്ജിനു സമീപത്ത് കൂടിയാണ് കൊവ്വൽ പള്ളിക്ക് സമീപത്തെത്തുന്നത്. ഇതോടെ അഞ്ച് കിലോമീറ്ററിനുള്ളിൽ രണ്ട് കൊടുംവളവുകളും ചെറുവത്തൂർ ടൗണിലേക്കും കയറാതെ നീലേശ്വരം ഭാഗത്തേക്ക് വേഗത്തിലെത്താം. ദേശീയപാതയുടെ വരവോടെ കാസർകോട് ജില്ലയിലെ നിരവധി അപകട വളവുകൾ ഇല്ലാതാവുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മട്ടലായി – ഞാണങ്കൈ വളവുകൾ.

രണ്ടുവരിപാതയ്ക്കു പുറമേ വളവുകളും കയറ്റവും ഇറക്കവും ഉള്ളതിനാൽ ഭാരവാഹനങ്ങൾ എന്നും ഇവിടെ ഓഫായി പോകാറുണ്ട്. ഇതോടെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കും. ഇതിനു പുറമേയാണ് നിരന്തരമുണ്ടാവുന്ന അപകടങ്ങൾ. ഇതിനകം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

പിലിക്കോട് പഞ്ചായത്തിന്റെ അതിർത്തിയായ ജെടിഎസ് സ്‌കൂൾ തൊട്ടാണ് കൊടുംവളവ് തുടങ്ങുന്നത്. പിന്നീട് ചെറുവത്തൂർ പഞ്ചായത്തിലാണ് കൂടുതൽ ഭാഗവും കടന്നുപോകുന്നത്. അപകടം കൂടിയതോടെ മട്ടലായിക്കുന്നിന്റെ ഭാഗം നീക്കി റോഡ് ചെറുതായി വീതി കൂട്ടിയിരുന്നു. വാഹനങ്ങൾ മറികടന്ന് പോകുമ്പോൾ ഇപ്പോഴും അപകടം പതിയിരിക്കുന്നുണ്ട്. ഇതിനൊരു വലിയ ആശ്വാസമാണ് പുതിയ ദേശീയപാതയുടെ വരവ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp