കുടുംബ വഴക്ക്: മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു

ആന്ധ്രാപ്രദേശിൽ മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് ഓടിപ്പോയ യുവതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ആന്ധ്രാപ്രദേശിലെ പൂജാരിവാൻഡലപ്പള്ളി ഗ്രാമത്തിലാണ് സംഭവം.

മുൻ സൈനികനായ ശ്രീധർ (36) ആണ് മരിച്ചത്. 15 വർഷത്തെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം 2022 ൽ ശ്രീധർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ശ്രീധർ വീട്ടിൽ തിരിച്ചെത്തിയതുമുതൽ ഭാര്യ മമതയുമായി (34) വഴക്കിട്ടിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ശ്രീധറിന്റെ കുടുംബവീട്ടിൽ നിന്ന് മാറിത്താമസിക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.

ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. തർക്കം കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം വീട്ടിൽ നിന്നും ഇറങ്ങിയോടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസികൾ വീട്ടിലേക്ക് ഓടിയെത്തി, ശ്രീധറെ ആശുപത്രിയിൽ എത്തിക്കാൻ ശമിച്ചു. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ ശ്രീധർ യാത്രാമധ്യേ മരണത്തിന് കീഴടങ്ങി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp