കുട്ടികൾക്കു മുന്നിൽ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതും ശരീരം പ്രദർശിപ്പിക്കുന്നതും പോക്സോ കേസിനു തുല്യമായ കുറ്റം; സെക്ഷൻ 11 പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്ന് കേരള ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരമെന്ന് കേരള ഹൈക്കോടതി. ഇത് കുട്ടിയെ ലൈം​ഗികമായി ഉപദ്രവിക്കുന്ന പോക്സോ കേസിനു തുല്യമാണെന്നും പോക്സോ കേസ് സെക്ഷൻ 11 പ്രകാരമുള്ള ശിക്ഷ ലഭിക്കാൻ അർഹമായതാണെന്നും കോടതി അറിയിച്ചു.ഐപിസി, പോക്‌സോ ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ വിധി. ഒന്നാംപ്രതിയായ യുവാവ് മുറി പൂട്ടാതെ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് ഇത് ചോദ്യം ചെയ്തതിന് പ്രവൃത്തി കണ്ട കുട്ടിയെ മർദ്ദിക്കുകയും ചെയ്തുവെന്നതാണ് കേസിനാസ്പദമായ സംഭവം.

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ നഗ്നശരീരം കാണിക്കുന്നത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇത് പോക്സോ നിയമത്തിലെ 12-ാം വകുപ്പിലെ സെക്ഷൻ 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും വ്യക്തമാക്കി. സെക്ഷൻ 75, 294 (ബി), 341, 323, 34 എന്നിവ പ്രകാരം രണ്ടാം പ്രതി ശിക്ഷാർഹനാണെന്നും കുട്ടികളോടുള്ള ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ഓഫ് ചിൽഡ്രൻ ആക്റ്റ്, സെക്ഷൻ 11 (ലൈംഗിക പീഡനം), പോക്‌സോ നിയമത്തിലെ 12 (ലൈംഗിക പീഡനത്തിനുള്ള ശിക്ഷ) എന്നിവയും നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ‌

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp