കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്; കാര്യങ്ങള്‍ പരിധി വിട്ടോ എന്ന് അന്വേഷിക്കും;- വി ഡി സതീശൻ

തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല് വിഷയത്തിൽ കാര്യങ്ങള്‍ പരിധി വിട്ടോ എന്ന കാര്യം കെഎസ്‌യുവും എന്‍എസ്‌യുവും ചേര്‍ന്ന് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടി അറിയാതെ നെയ്യാര്‍ ഡാമില്‍ പരിപാടി നടത്താന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അന്വേഷിക്കാമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു.

കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യുവിന്റെ ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നെയ്യാര്‍ ഡാമില്‍ നടന്ന മേഖലാ ക്യാമ്പിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം.

ശനിയാഴ്ച്ച രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്. ഇടുക്കിയില്‍ നടന്ന കെഎസ്‌യു നേതൃക്യാമ്പില്‍ കെപിസിസി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. ക്യാമ്പ് തുടങ്ങിയദിവസം മുതല്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലര്‍ ആരോപിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp