കെട്ടിടത്തിന് എന്‍ഒസി ഇല്ലായിരുന്നു; കിന്‍ഫ്ര തീപിടുത്തത്തില്‍ ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ

തിരുവനന്തപുരം കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയര്‍ഫോഴ്‌സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.

ബ്ലീച്ചിങ് പൗഡറില്‍ വെള്ളം വീണും ആല്‍ക്കഹോള്‍ കലര്‍ന്ന വസ്തുക്കള്‍ തട്ടിയും ആകാം തീപിടുത്തമുണ്ടായതെന്ന് കരുതാം. അതിനുള്ള സാധ്യതയാണുള്ളത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രഞ്ജിത്തിന്റെ വിയോഗത്തിലും ഫയര്‍ഫോഴ്‌സ് മേധാവി അനുസ്മരിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയാലേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകൂ. വലിയ ദുഃഖമാണ് രഞ്ജിത്തിന്റെ വിയോഗത്തിലൂടെയുണ്ടായതെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പ്രതികരിച്ചു

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെയോടെ തീപിടിച്ചത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp