കെസ്വിഫ്‌റ്റ് ബസിൽ യുവതിയെ കുത്തി പരുക്കേൽപിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം

കെസ്വിഫ്‌റ്റ് ബസിൽ യുവതിയെ കുത്തി പരുക്കേൽപിച്ചു ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ബസ് മലപ്പുറം വെന്നിയൂരിന് സമീപം എത്തിയപ്പോഴാണ് വയനാട് സ്വദേശി സനിൽ യാത്രക്കാരിയായ ഗൂഡല്ലൂർ സ്വദേശിനിയായ യുവതിയെ കുത്തി പരുക്കേല്പിച്ചത്. ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. ഇവരെ ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

യുവതി അങ്കമാലിയിൽ നിന്നും യുവാവ് മലപ്പുറം എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.

യുവാവ് യുവതിയെ ആക്രമിച്ചത് ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നു. യുവതിക്ക് കുത്തേറ്റത് നെഞ്ചിലെന്ന് തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്‍ പറഞ്ഞു. ഇരുവരും ഇരുന്നത് ബസിലെ ബാക്ക് സീറ്റിന് തൊട്ട് മുന്‍പിലുള്ള സീറ്റിലാണ്. ബസ് കക്കാട് പരിസരത്തെത്തിയപ്പോഴാണ് യുവാവ് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാവ് ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബസ് ജീവനക്കാരും പറയുന്നു. മാറി ഇരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് യുവതി പറഞ്ഞു. ബസിന്റെ പിന്നില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടു. യാത്രക്കാര്‍ അക്രമണം ഉണ്ടായെന്ന് പറഞ്ഞപ്പോള്‍ ബസ് നിര്‍ത്തി. യുവാവിനെ ബസില്‍ നിന്ന് പുറത്ത് ഇറക്കിയപ്പോഴാണ് കഴുത്തില്‍ മുറിവ് കണ്ടത്. യുവാവിനെ ബസില്‍ കയറ്റി ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് കെ സ്വിഫ്റ്റ് ബസില്‍ ആക്രമണം നടന്നത്. ഗൂഢല്ലൂര്‍ സ്വദേശിനി സീതയ്ക്കാണ് പരുക്കേറ്റത്. യുവതിയെ കുത്തിയ സനിലിനും ഗുരുതര പരുക്കുണ്ട്. മൂന്നാര്‍-ബംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp