കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജാതിവിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.
തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍ പറഞ്ഞു.

‘ഞാന്‍ ചെയര്‍മാനായിട്ടുള്ള സ്ഥാപനത്തെ പറ്റി അടുത്ത കാലത്ത് നിരവധി അപഖ്യാതികള്‍ പ്രചരിപ്പിക്കപ്പെട്ടു.ഐഎഫ്എഫ്‌കെ വേദിയിലാണ് ഈ പ്രചാരണങ്ങള്‍ ഉപയോഗിച്ചത്. വിഷയത്തില്‍ സത്യമെന്താണെന്നറിയാന്‍ മാധ്യമങ്ങളൊന്നും ശ്രമിച്ചില്ല. അതില്‍ ദുഖമുണ്ട്. കള്ളം കള്ളത്തെ പ്രസവിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അതാണ് സംഭവിച്ചത്. ആടിനെ പട്ടിയാക്കുന്ന നടപടിയാണുണ്ടായത്. ഒരു വശത്തെ മാത്രം കേള്‍ക്കുകയാണ് എല്ലാവരും ചെയ്തത്.

ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹത്തിന് നേരിട്ടാണ് രാജിക്കത്ത് കൈമാറിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദളിത് ജോലിക്കാരെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചത് പച്ചക്കള്ളമാണെന്ന് എന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. അവരാരും പട്ടികജാതിയില്‍പ്പെടുന്നതല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ്. ഡയറക്ടറുടേത് സ്വവസതിയല്ല. ഔദ്യോഗിക വസതിയാണ്.അവിടെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചെന്ന് പറയുന്നത് തെറ്റാണ്’. അടൂര്‍ പറഞ്ഞു.

ഒരു സാധു വീട്ടമ്മ മാത്രമാണ് ഡയറക്ടറുടെ ഭാര്യ. അവരുമായി ബന്ധപ്പെടുത്തി വൃത്തികെട്ട കാര്യങ്ങളാണ് പറയുന്നത്. ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തിയവരെ കുറിച്ച് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ ആള്‍ക്കും ആസൂത്രണത്തില്‍ പങ്കുണ്ട്. സമരത്തിന് രണ്ടാഴ്ച മുന്‍പ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സംസാരിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്കയുണ്ട്. ധാര്‍മികത ഏറ്റെടുത്തല്ല, പ്രതിഷേധരാജിയാണ് തന്റേതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp