പൊൻകുന്നം(കോട്ടയം): കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വിദേശമദ്യം കടത്തിയതിന് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ വി.ജി. രഘുനാഥനെയാണ് സസ്‌പെൻഡ് ചെയ്തത്. താത്‌കാലിക ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസലിനെ പിരിച്ചുവിട്ടു. സംഭവംനടന്ന ദിവസം ഇയാൾ കണ്ടക്ടറുടെ ചുമതലയിലായിരുന്നു.
ഓഗസ്റ്റ് 10-നാണ് കോർപ്പറേഷന്റെ വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ്‌സ്റ്റാൻഡിൽവെച്ച് ബസിനുള്ളിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽനിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടെടുത്തത്. ഇവ എക്‌സൈസിന് കൈമാറി കേസെടുത്തു. മദ്യം കടത്തിയത് കോർപ്പറേഷന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും ഗുരുതര കൃത്യവിലോപവും ചട്ടലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവ.അഡീഷണൽ സെക്രട്ടറിയും വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി നടപടി സ്വീകരിച്ചത്.