ശബരിമല: ശബരിമല മേൽശാന്തിയായി കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ ജയരാമൻ നമ്പൂതിരിയെ നറുക്കെടുത്തു. പന്തളം രാജകുടുബാംഗമായ കൃത്തികേശ് വർമയാണ് ഏഴാമത്തെ നറുക്കിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. 10 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കോട്ടയം വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേൽശാന്തി. പന്തളം കൊട്ടാരത്തിൽ നിന്നുള്ള പൗർണമി ജി വർമയാണ് മാളികപ്പുറം മേൽശാന്തിയുടെ നറുക്ക് എടുത്തത്. എട്ടു പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. വൃശ്ചികം ഒന്നിനാണ് പുതിയ മേൽശാന്തിമാർ സ്ഥാനമേറ്റെടുക്കുക.
7.30 ന് ഉഷപൂജയ്ക്ക്ശേഷമാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. പുലർച്ചെ അഞ്ചുമണിക്കാണ് ക്ഷേത്ര നടന്നത്. തുടർന്ന് നിർമാല്യവും പതിവ് അഭിഷേകവും 5.30 ന് മണ്ഡപത്തിൽ മഹാഗണപതിഹോമവും നടന്നു. 5.30 മുതൽ നെയ്യഭിഷേകം ആരംഭിച്ചു.
തുലാം മാസ പൂജകൾക്കായി ഇന്നലെ വൈകീട്ടു അഞ്ചിനാണ് ക്ഷേത്ര നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. പിന്നീട് ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിച്ചു. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. രാത്രി 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് തിരുനട അടച്ചു.
വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24 ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. 25 ന് ആണ് ആട്ട ചിത്തിര. അന്ന് രാത്രി 10 മണിക്ക് നട അടച്ചാൽ പിന്നെ മണ്ഡലകാല
മഹോത്സവത്തിനായി നവംബർ 16 ന് വൈകുന്നേരം അഞ്ചുമണിക്കാണ് തുറക്കുക.