‘കെ വിദ്യ ഒളിവില്‍ കഴിഞ്ഞത് സിപിഐഎം നേതാവിന്റെ വീട്ടില്‍’; പൊലീസും ഒത്താശ ചെയ്‌തെന്ന് കോണ്‍ഗ്രസ്

വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് സിപിഐഎം നേതാവിന്റെ വീട്ടിലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. നേതാവിന്റെ പേര് താന്‍ വെളിപ്പെടുത്തുന്നില്ല. സിപിഐഎം ജില്ലാ കമ്മിറ്റിയും പൊലീസും വിദ്യക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. മേപ്പയൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.

തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കെ വിദ്യയുടെ ആരോപണം. കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.

അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഡാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നാണ് ആരോപണം. അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയ ബയോഡാറ്റയിലെ കയ്യക്ഷരവും വിദ്യയുടെ യഥാര്‍ത്ഥ കയ്യക്ഷരവും തമ്മില്‍ ഒത്തുനോക്കിയും അന്വേഷണസംഘം പരിശോധിക്കും. കയ്യക്ഷരം കോടതിയില്‍ തെളിവായി പൊലീസ് സമര്‍പ്പിക്കും.

ഇന്നലെ രാത്രിയാണ് കോഴിക്കോട് മേപ്പയൂരിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. വിദ്യയുടെ സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അടുത്ത സുഹത്തിനെ ചോദ്യം ചെയ്തതിലൂടെ വിദ്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സുഹൃത്തിന്റെ ഫോണും പൊലീസ് വാങ്ങിവച്ചു. കേസില്‍ ഇന്ന് രാവിലെയാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്ക് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp