‘കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ്’; യുവമോർച്ച മാർച്ചിൽ സംഘർഷം

മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി. തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം ഉണ്ടായി. പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുരേന്ദ്രൻ

കണ്ണീർ വാതകത്തിനകത്ത് മാരകമായ രാസലായിനികൾ ഉപയോഗിച്ചുകൊണ്ടാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമരം ശക്തിപ്പെടുമ്പോൾ അതിനെ അടിച്ചമർത്താമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അത് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

എത്ര പൊലീസിനെ ഇറക്കിയാലും നേരിടും. ഇത്രയും മാരകമായ രാസലായിനികൾ ഉപയോഗിച്ച ആക്രമണം സമരചരിത്രത്തിൽ സംസ്ഥാനത്ത് ആദ്യമാണ്. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരുക്കേറ്റിട്ടുണ്ട്. ആരെയും ആശുപത്രിയിൽ പോലും കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

അതേസമയം നഗരസഭയിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. യുവമോർച്ച മാർച്ച് അൽപസമയത്തിനകം നടക്കും.

തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷഭരിതമാണ്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് ബസ് പ്രതിഷേധക്കാര്‍ തടഞ്ഞു.

നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയതിനെ തുടർന്ന് മറ്റൊരു ഗേറ്റ് വഴി വാഹനം പോയി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെ, പ്രതിഷേധ പ്രകടനവുമായി മഹിളാ കോൺഗ്രസും രംഗത്തെത്തി. കെട്ടിടത്തിനകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp