കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്താനാകാത്ത സാഹചര്യം: മന്ത്രി കെ രാജന്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് മന്ത്രി കെ രാജന്‍. പൂരം വെടിക്കെട്ട് തേക്കിന്‍കാട് മൈതാനിയില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റര്‍ ദൂരം വേണമെന്ന നിബന്ധന അപ്രായോഗികമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രത്തിന്റെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കെ രാജന്റെ വിമര്‍ശനങ്ങള്‍. കാണികള്‍ക്ക് ഉള്ള ദൂര പരിധി 60 മീറ്റര്‍ ആക്കി കുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

സ്‌കൂളുകള്‍ നിന്ന് 250 മീറ്റര്‍ ദൂരം മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന നിബന്ധന അപകടകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിക്കെട്ട് ദിവസം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ നിന്ന് 250 മീറ്റര്‍ ദൂരം എന്ന് വിഞാപനം തിരുത്തണം. വിജ്ഞാപനത്തിലെ 2,4,6 വ്യവസ്ഥകള്‍ യുക്തി രഹിതമാണെന്നും ഇത് പൂര്‍ണമായും പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

35 നിബന്ധനകള്‍ അടങ്ങിയതാണ് പുതിയ വിജ്ഞാപനം. കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാനത്തെ പൂരം നടത്തിപ്പിനെ ആകെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp