സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 1500 കോടിരൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലാണിത്. ഇതോടെ ഈ സാമ്പത്തികവർഷം ഇതുവരെ പൊതുവിപണിയിൽനിന്നുള്ള കടം 11,436 കോടിരൂപയാവും.
വായ്പപ്പരിധി വെട്ടിക്കുറച്ചതിനാൽ ഡിസംബർവരെ 17936 കോടിരൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നൽകിയത്. ഇതിൽ ഇനി ശേഷിക്കുന്നത് 6500 കോടി രൂപയാണ്. ഡിസംബറിനുശേഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം വഴുതിവീഴുമെന്ന ആശങ്ക സർക്കാരിനുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനും മറ്റു സ്ഥിരം ചെലവുകൾക്കുമാണ് ഉപയോഗിക്കുന്നത്.
ഒക്ടോബർ മൂന്നിന് കേരളം 1000 കോടി എടുത്തിരുന്നു. 7.7 ശതമാനം പലിശയ്ക്ക് 25 വർഷത്തേക്കാണ് ഇതിനുള്ള കടപ്പത്രങ്ങൾ വിറ്റത്. സെപ്റ്റംബറിലെ ക്ഷേമപെൻഷൻ നൽകാൻവേണ്ട 878 കോടി രൂപ കണ്ടെത്തിയത് ഇതിലൂടെയാണ്. കടപ്പത്രങ്ങളുടെ ലേലം 25-ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനംവഴി നടക്കും.