കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടൻ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. കത്ത് നൽകാൻ മുഖ്യമന്ത്രിയോട് പറയാൻ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിനോട് ഗഡ്‍കരി ആവശ്യപ്പെട്ടു. കൊച്ചിയിൽ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
‘കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല. സംസ്ഥാനത്ത് റോഡപകടങ്ങൾ പെരുകാൻ കാരണം റോഡ് ഡിസൈനിങ്ങിലെ സങ്കീർണതയാണ്. ഹൈവേ വികസനം വേഗത്തിലാക്കാൻ റോഡ് നിർമാണ സാമഗ്രികളുടെ ജി എസ് ടി സംസ്ഥാനം ഒഴിവാക്കണം . മണൽ ഉൾപ്പെടെ ആവശ്യത്തിന് ലഭ്യമാക്കണം. റോഡ് വികസനത്തിന് പണം നൽകാൻ മുഖ്യമന്ത്രിയുടെ കത്ത് കാത്തിരിക്കുകയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ജിഎസ്ടി ഒഴിവാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.