നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചു.കുട്ടിയെ ഇന്നലെയാണ് മെഡിക്കല്‍ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് മരണം.
കുട്ടിയുമായി സമ്ബർത്തത്തിലുള്ള 214 പേർ നിരീക്ഷണത്തിലുണ്ട്. ഇരില്‍ 60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. ചികിത്സിച്ച ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, കുട്ടിയുടെ ബന്ധുകള്‍ തുടങ്ങിയവരാണിത്. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടർ, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, പത്തോളം ജീവനക്കാർ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവർത്തകർ. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതല്‍ രോഗിയുമായി സമ്ബർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക ആരോഗ്യപ്രവർത്തകർ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവർ, സ്കൂള്‍, ട്യൂഷൻ സെൻറർ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാർഥികള്‍ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവർത്തകർ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു.
ജൂലൈ 10ന് പനി ബാധിച്ച 15കാരൻ 12ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ശേഖരിച്ച സാമ്ബ്ള്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്ബർക്കപ്പട്ടികയിലുള്ള 13കാരനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് ആംബുലൻസില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനക്കായി സാമ്ബ്ള്‍ ശേഖരിക്കും. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലേക്ക് അയക്കും. നിലവില്‍ കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു