കേരള സര്‍വകലാശാല വിസി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.വിസി നിയമന കമ്മിറ്റിയിലേക്കുള്ള
സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിര്‍ദേശിക്കണം എന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കേരള സര്‍വകലാശാല വിസിക്കാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത്. ഇന്ന് വൈകീട്ടത്തേക്ക് മുന്നേ പ്രതിനിധിയെ നിര്‍ദേശിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. കഴിഞ്ഞ ആഴ്ചയും സമാന രീതിയില്‍ ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കേരള സര്‍വകലാശാല സെനറ്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിച്ചാണ് വിസി ഇതിന് മറുപടി നല്‍കിയത്. രണ്ട് പേരെ മാത്രം വച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയായില്ലെന്നും ആ നടപടി പിന്‍വലിക്കണമെന്നുമായിരുന്നു പ്രമേയം ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള വിസിയുടെ മറുപടി.
ഇന്ന് വിസിക്ക് നല്‍കിയ കത്തില്‍, പ്രമേയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിലവിലെ വിസിയുടെ കാലാവധി തീരുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിനിധിയെ നിര്‍ദേശിക്കണമെന്നും കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ ആവശ്യം സര്‍വകലാശാല സെനറ്റ് അംഗീകരിക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ നിലവിലുള്ള രണ്ടംഗ സമിതിയുമായി, വിസി നിയമനത്തില്‍ ഗവര്‍ണര്‍ മുന്നോട്ടു പോകുമോ എന്നതിലാണ് ആകാംക്ഷ. ഒപ്പം അച്ചടക്ക നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുമോ എന്നതും കാത്തിരുന്ന് കാണേണ്ട വിഷയമാണ്.