കൊച്ചി ബിനാലെയുടെ അഞ്ചാം പതിപ്പ് ഇന്ന് അവസാനിക്കും. കൊച്ചി ദർബർഹാൾഗ്രൗണ്ടിലാണ് സമാപനസമ്മേളനം നടക്കുക. വലിയ ജന പങ്കാളിത്തത്തമുണ്ടായെങ്കിലും ഒൻപത് കോടി രൂപയുടെ സാമ്പത്തിക ബാധ്യത യോടെയാണ് ബിനാലെ അവസാനിക്കുന്നത്.
പുതിയ കാഴ്ചകളുമായി വേറിട്ട നോട്ടങ്ങളിലേക്ക് നയിക്കുന്നതായിരുന്നു ബിനാലെയുടെ അഞ്ചാം പതിപ്പ്. കണ്ടുശീലിച്ച കലാസമ്പ്രദായങ്ങളെ തകിടം മറിച്ചുകൊണ്ടാണ് 2012 മുതൽ ഈ കലാനുഭവം കൊച്ചിയുടെ ഭാഗമായത്. കലയുടെ പരീക്ഷണോന്മുഖമായ പല ചുവടുവെപ്പുകൾ ഇത്തവണയും കാണാം.
പതിനാറു വേദികളിലായി ഇതുവരെ ബിനാലെ കണ്ടവരുടെ എണ്ണം ഏകദേശം ഒൻപത് ലക്ഷമാണ്. 90 ലേറെ ആർട്ടിസ്റ്റുകൾ അണിനിരന്നു. ബിനാലെയുടെ അവസാന ദിനത്തിലും വലിയ ജനപങ്കാളിത്തമാണ് ഇത്തവണ.
ബിനാലെ അഞ്ചാം പതിപ്പിന് പത്തൊൻപത് കോടി രൂപയാണ് ചിലവായത്. സർക്കാർ പ്രഖ്യാപിച്ച ഏഴ് കോടി രൂപയിൽ നാല് കോടി ഇരുപതു ലക്ഷം രൂപയാണ് ഇതുവരെ കിട്ടിയത്. ബാക്കി തുക ഇനിയും കണ്ടെത്തണം. ഇന്ന് വൈകീട്ട് ദർബാർഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.