കൊച്ചി വൈപ്പിൻ തീരത്ത് ചാള ചാകര. ഇന്നലെ വൈകീട്ടാണ് റോറോ ജെട്ടിയിലും തീരത്തും അത്യപ്പൂർവ്വമാം വിധത്തിൽ ചാകര എത്തിയത്. കഴിഞ്ഞ ആഴ്ച ഫോർട്ട് കൊച്ചിയിലും ചാള ചാകര എത്തിയിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് മത്സ്യക്കൂട്ടങ്ങൾ തീരത്തോട് അടുത്തത്. അപ്രതീക്ഷിതമായി ഉണ്ടായ ചാകര കണ്ടുനിന്നവർക്കും ആവേശമായി. കവറുകളിലും കുടകളിലുമായി അവർ മീൻ വാരി എടുത്തു. വൈപ്പിനിലെത്തിയവർ കൈ നിറയെ മീനുമായി ആണ് മടങ്ങിയത്. വൈപ്പിനിലെത്തിയ ടൂറിസ്റ്റുകൾക്കും ആദ്യമായി ചാകര കണ്ട കൗതുകമായിരുന്നു. വൈപ്പിൻ റോറോ ജെട്ടിയിലും ചീനവലകൾക്കടുത്തും ആണ് മത്സ്യം കൂട്ടത്തോടെ അടുത്തത്.
തീരത്ത് എത്തിയ ചാളകൂട്ടത്തെ ഫോണിൽ പകർത്തിയും വെള്ളത്തിലിറങ്ങി മീൻ പിടിച്ചും ഒക്കെ വൈപ്പിനിലെത്തിയവർ ചാകര ആഘോഷമാക്കി. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി തീരത്തും ചാകര ഉണ്ടായിരുന്നു.