‘കൊന്ന് കുഴിച്ചുമൂടിയതല്ല’; നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയെന്ന് പൊലീസ്

പരുത്തിപ്പാറ നൗഷാദ് തിരോധാനത്തില്‍ കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയതായാണ് സൂചന. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. തൊടുപുഴയില്‍ നിന്ന് കണ്ടത് നൗഷാദിനെ തന്നെ ആണോ എന്ന് പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സാനയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍.

നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ മൊഴി പൂര്‍ണമായും കള്ളമാണെന്ന് ഇന്നലെ വൈകിട്ടോടുകൂടിയാണ് പൊലീസിന് മനസിലാകുന്നത്. കുഴിച്ചാല്‍ മൃതദേഹം ലഭിക്കുമെന്ന് ആദ്യം അഫ്‌സാന പറഞ്ഞിരുന്നു. വീടിനകത്തെ സ്ഥലവും ചൂണ്ടിക്കാണിച്ചിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ വന്നതോടെ കുറച്ചുകൂടി ആഴത്തില്‍ കുഴിക്കണമെന്നതടക്കം അഫ്‌സാന അന്വേഷണ സംഘത്തോട് പറഞ്ഞു.

എന്നാല്‍ പൊലീസ് പ്രദേശം മുഴുവന്‍ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ശേഷം കൂടുതല്‍ ചോദ്യം ചെയ്യലില്‍ ചില സുഹൃത്തുക്കളുടെ പേരുകള്‍ കൂടി അഫ്‌സാന പറഞ്ഞു. നസീര്‍ എന്നൊരു സുഹൃത്തിന്റെ പേര് അഫ്‌സാന പറഞ്ഞതോടെ ഇയാളുടെ പെട്ടി ഓട്ടോയിലാണ് മൃതദേഹം കൊണ്ടുപോയതെന്ന് മൊഴി പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നസീറിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അങ്ങനെയൊരു പെട്ടി ഓട്ടോറിക്ഷയില്ലെന്നും ഓട്ടോ ഓടിക്കാന്‍ അറിയില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യം വ്യക്തമായതോടെ അഫ്‌സാന പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുകയായിരുന്നു.

നിലവില്‍ നൗഷാദ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്നാണ് തൊടുപുഴ പൊലീസ് അറിയിക്കുന്നത്. ഇടുക്കി തൊമ്മന്‍കുത്ത് ടൂറിസം കേന്ദ്രത്തിന് സമീപം കുഴിമറ്റം എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്.

പത്തനംതിട്ടയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസിന് നൗഷാദിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

അഫ്‌സാനയ്ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് മൊഴികള്‍ മാറ്റിപ്പറഞ്ഞതോടെ പൊലീസ് കരുതുന്നത്. കാണാതായ ഭര്‍ത്താവിനെ കണ്ടെത്താന്‍ നടത്തിയ നാടകം അല്ലെങ്കില്‍ മറ്റാരുടെയോ പ്രേരണയില്‍ നല്‍കിയ മൊഴി എന്ന നിലയിലാണ് അഫ്‌സാനയുടെ മൊഴികളെ അന്വേഷണ സംഘം നോക്കിക്കാണുന്നത്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp