കൊലയിലേക്ക് നയിച്ചത് ഭാര്യ ഗര്‍ഭിണിയാണെന്ന സംശയം; കൊച്ചിയിലെ നേപ്പാളി യുവതിയുടെ കൊലപാതകത്തില്‍ നിര്‍ണായ വിവരം

കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയുടെ കൊലപാതകത്തില്‍ നിര്‍ണായ വിവരം ലഭിച്ചു. നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്റെ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാം ബഹദൂറിനെ വിട്ടുകിട്ടാന്‍ കൊച്ചി സൗത്ത് പോലീസ് നടപടികള്‍ ഊര്‍ജിതമാക്കി.

കൊല്ലപ്പെട്ട ഭാഗീരഥി ധാമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിലേക്ക് നയിച്ചത്. ഭാഗീരഥി ജൂണില്‍ നേപ്പാളിലേക്കു പോയി മടങ്ങിവന്ന ശേഷമാണു റാം ബഹദൂറിന് സംശയം ഉടലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകളും സംശയം കൂട്ടി.

കൂടാതെ, ഭാഗീരഥി ഗര്‍ഭിണിയാണെന്ന സംശയവും റാം ബഹദൂറിന് ഉണ്ടായിരുന്നു. സെപ്തംബറില്‍ കിറ്റ് ഉപയോഗിച്ച് ഗര്‍ഭ പരിശോധനയും നടത്തി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം.

സൗത്ത് പോലീസ് പ്രതിയെ നേപ്പാളില്‍ നിന്ന് പിടികൂടിയെങ്കിലും കേരളത്തിലേക്ക് എത്തിക്കാനായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതിയെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഭാഗീരഥിയെ കഴുത്ത് ഞെരിച്ചാണ് റാം ബഹദൂര്‍ കൊലപ്പെടുത്തിയത്. ഈ ചിത്രങ്ങള്‍ റാം ബഹദൂറിന്റെ ഫോണില്‍ നിന്നു പോലീസിനു ലഭിച്ചു. ഒക്‌ടോബര്‍ 24 നാണ് ഭാഗീരഥിയുടെ മൃതദേഹം എളംകുളത്തെ വാടകവീട്ടില്‍ പുതപ്പിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 19 ന് ഭാഗീരഥിയെ കൊലപ്പെടുത്തിയ റാം ബഹദൂര്‍ രണ്ട് ദിവസം കഴിഞ്ഞാണ് കൊച്ചിയില്‍ നിന്ന് കടന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp