കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. കിളികൊല്ലൂർ എസ്.എച്ച്.ഒയെ സ്ഥലംമാറ്റും. ക്രമസമാധാന ചുമതല നൽകാതിരിക്കാനും ശുപാർശയുണ്ട്. എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റും. നാല് പൊലീസുകാർക്കെതിരെ ഗുരുതര വീഴ്ചയ്ക്കുള്ള വകുപ്പുതല അന്വേഷണവും നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞതോടെയാണ് ശക്തമായ നടപടി വരുന്നത്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ.
സംഭവത്തിൽ പൊലീസിനെതിരെ സൈനികന്റെ സഹോദരൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്‌നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരൽ തല്ലിയൊടിച്ചു.
![](https://outlinekerala.com/wp-content/uploads/2022/10/nationalherald_2018-09_7c26fdf5-7b6a-4fe8-a23e-c0f387c62e8c_custodial_death-1.webp)