തിരുവനന്തപുരം: നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പര്‍വത നിരകള്‍ നിമിഷ നേരം കൊണ്ട് കോട മഞ്ഞില്‍ ‘അപ്രത്യക്ഷമാകുന്ന’ ദൃശ്യാനുഭവം. തൊട്ടടുത്ത് നില്‍ക്കുന്നവര്‍ പോലും തമ്മില്‍ക്കാണാനാവാതെ മൂടല്‍മഞ്ഞില്‍ അലിഞ്ഞില്ലാതാവുന്ന അപൂര്‍വ്വത. അറബിക്കടലിനു സമാന്തരമായി സമുദ്രനിരപ്പില്‍ നിന്ന് 945 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൊന്മുടിയില്‍ ഇനി വസന്ത കാലമാണ്.
കടല്‍ത്തീരത്ത് നിന്ന് ഒരു മണിക്കൂറിനകം ഈ കൊടുമുടിയുടെ നെറുകയില്‍ ഓടിയെത്താം. വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടല്‍ മഞ്ഞും നിറഞ്ഞതാണെങ്കിലും ഡിസംബര്‍ മുതല്‍ മൂന്ന് മാസം പൂക്കളും ചിത്രശലഭങ്ങളും കൂടി മനം കവരാനെത്തും. 22 ഹെയര്‍പിന്‍ വളവുകള്‍ കടന്നു വേണം ഇവിടെയെത്താന്‍. പന്ത്രണ്ടാം വളവിലും കുളച്ചിക്കരയിലും തോരാ മഴക്കാലത്ത് അപകടകരമാം വിധം റോഡു ഇടിഞ്ഞു താഴ്ന്നിരുന്നു. അത് കാരണം മാസങ്ങളായി സഞ്ചാരികള്‍ക്ക് പൊന്‍മുടിയില്‍ പ്രവേശനാനുമതി ഇല്ല.
കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഊര്‍ജ്ജിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്മസ് – പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൊന്മുടി റോഡില്‍ 39 കി.മീറ്റര്‍ ഭാഗം അത്യാധുനിക രീതിയില്‍ പുനരുദ്ധരിക്കാന്‍ 160 കോടി രൂപയാണ് ചെലവിടുന്നത്.
2021 ഡിസംബറില്‍ ആരംഭിച്ച നിര്‍മ്മാണ ജോലികള്‍ 2023 ഡിസംബര്‍ വരെ നീളും. മണ്ണിച്ചിലിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ട ഭാഗങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മ്മാണ ജോലികള്‍ നടത്തിയതെന്ന് കെഎസ് ടിപി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എസ് മിനി വ്യക്തമാക്കി. പൊന്മുടി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിനോദ സഞ്ചാരികളും നാട്ടുകാരും രംഗത്ത് വന്നിരുന്നു.
വിതുര, കല്ലാര്‍ എന്നിവിടങ്ങളില്‍ ടൂറിസത്തെ ആശ്രയിച്ചു നിലനിന്നിരുന ഒട്ടനവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു. പ്രവേശനം നല്‍കാനുള്ള തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. തേയിലത്തോട്ടങ്ങളും പുല്‍മേടുകളും കാട്ടരുവികളും ഉള്‍പ്പെടെ കാഴ്ചകളുടെ പറുദീസയിലെത്താന്‍ ഇനി സഞ്ചാരികളുടെ ഒഴുക്കാവും.
കൊടുമുടി മുകളില്‍ നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് ഇക്കോ പോയിന്റ്. സമീപത്തായി കാടിനുള്ളില്‍
‘സീതകുളിച്ച കുളം’ എന്ന പേരില്‍ ഐതീഹ്യം പേറുന്ന സീതാ തീര്‍ത്ഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. രാത്രി വിശ്രമിക്കാന്‍ കെടിഡിസിയുടെ ക്വാട്ടേജുകളും സാഹസിക നടത്തത്തിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
റോഡരികിലെ തിരക്കില്‍ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാല്‍ കാട്ടുപൂക്കളും ചിത്രശലഭങ്ങളും നവ്യാനുഭവമാകും. പൊന്മുടിയുടെ പ്രവേശന കവാടമാണ് അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മീന്‍മുട്ടിയും ഗോള്‍ഡന്‍ വാലിയും കല്ലാറും. മീന്‍മുട്ടിയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് പേടി കൂടാതെ ഇറങ്ങാം. സമീപത്തെ വട്ടക്കയം അപകടകരമാണ്. സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശന വിലക്കുണ്ട്.
2000 അടി ഉയരത്തില്‍ നില്‍ക്കുന്ന അഗസ്ത്യകൂടമാണ് പൊന്മുടി യാത്രയിലെ മറ്റൊരു ആകര്‍ഷണം.സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ സഹായത്തോടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് കുമാര്‍ അഭ്യര്‍ത്ഥിച്ചു.