കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല.

രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്. കുട്ടികളുടെ ഐസിയുവിലായിരുന്നു ആദ്യ പരിശോധന. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു. കൂടാതെ ആശുപത്രി നേരിടുന്ന വിവിധ പരിമിതികളെക്കുറിച്ച് ജീവനക്കാര്‍ ആരോഗ്യ മന്ത്രിയെ ബോധ്യപ്പെടുത്തി.

മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിനിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തും. അതേസമയം അട്ടപ്പാടിയിൽ ഈ വർഷം രണ്ട് നവജാത ശിശുക്കളും നാല് ഗർഭസ്ഥ ശിശുക്കളും മരിച്ചതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. ജനിക്കുമ്പോൾ കുഞ്ഞിന് തൂക്കം കുറവായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp