കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർക്കും നഴ്സിങ് അസിസ്റ്റൻ്റിനും തെരുവ് നായയുടെ കടിയേറ്റു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ, നഴ്സിങ് അസിസ്റ്റന്റ് എന്നിവർക്ക് തെരുവ് നായയുടെ കടിയേറ്റു. അസ്ഥിരോഗവിഭാഗം യൂണിറ്റ് രണ്ടിന്റെ ചീഫ് ഡോ. എം എൻ സന്തോഷ് കുമാർ, നഴ്സിങ് അസിസ്റ്റന്റ് ലത എന്നിവർക്കാണ് കടിയേറ്റത്. ഇന്നു രാവിലെ 8.30 ന് മെഡിക്കൽ കോളേജ് സർവീസ് സഹകരണ ബാങ്കിന്റെ മുൻവശത്തു വെച്ചായിരുന്നു സംഭവം.

ഡ്യൂട്ടിക്കായെത്തിയ ഡോക്ടർ വാഹനം പാർക്ക് ചെയ്ത ശേഷം കാറിൽനിന്ന് ഇറങ്ങുമ്പോഴായിരുന്നു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലേയും നായയുടെ ആക്രമണശ്രമം ഉണ്ടായിരുന്നുവെങ്കിലും പരിക്ക് ഉണ്ടായിരുന്നില്ല. ജീവനക്കാരി ഡ്യൂട്ടി സംബന്ധിച്ച് അതുവഴി പോകുമ്പോഴാണ് നായയുടെ കടിയേറ്റത്. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.

മാസങ്ങളായി ആശുപത്രി കോമ്പൗണ്ടിൽ തെരുവ് നായയുടെ ശല്യം വളരെ രൂക്ഷമാണെന്ന് നിരവധി തവണ വാർത്ത വന്നിരുന്നു. തുടർന്ന് പേ ബാധിച്ചതെന്ന് സംശയിച്ച നായ്ക്കളെ ആർപ്പൂക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി കോമ്പൗണ്ടിൽനിന്ന് ഒഴിവാക്കിയിരുന്നു. ആശുപത്രി കോമ്പൗണ്ടിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം ഭയാശങ്ക ഉണ്ടാക്കുന്നതരത്തിൽ നിരവധി തെരുവ് നായ്ക്കളാണ് കൂട്ടത്തോടെയുള്ളത്. അതിനാൽ നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് ആശുപത്രി അധികാരികൾ ആവശ്യപ്പെടുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp