കോട്ടയം അയർകുന്നത്ത് ഭാര്യയും ഭർത്താവും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അയ്യൻകുന്ന് കോളനിയിൽ സുനിൽ, ഭാര്യ മഞ്ജുള എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടുകൂടി ഇവരുടെ മകൻ ട്യൂഷൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മഞ്ജുള കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന രീതിയിലും അച്ഛൻ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഭർത്താവ് സുനിൽ മഞ്ജുളയെ കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. പക്ഷേ, എങ്ങനെ കൊലപ്പെടുത്തി എന്നത് ഇതുവരെയും പൊലീസിന് വ്യക്തത വന്നിട്ടില്ല. മഞ്ജുളയുടെ ശരീരത്തിനടുത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നുള്ള സംശയമാണ് പൊലീസിനുള്ളത്. പൊലീസ് ഇൻക്വസ്റ്റ് നടപടികളൊക്കെ തന്നെ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമായിട്ടുള്ള കാരണങ്ങൾ പൊലീസിന് വ്യക്തമാവുകയുള്ളൂ.
അയൽക്കാരുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. അസ്വാഭാവികമായ ശബ്ദമോ ദുരൂഹ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിച്ചതായിട്ടുള്ള നാട്ടുകാരുടെ മൊഴിയോ ഒന്നുമില്ല. കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു വീടാണ്. സമാധാനപൂർവ്വം കഴിയുന്ന ഒരു കുടുംബമാണെന്ന മൊഴിയാണ് നാട്ടുകാർ നൽകിയിട്ടുള്ളത്.