രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയിലുള്ള അസ്വസ്ഥതയാണ് എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഐഎം അജണ്ടയുടെ ഭാഗമായാണ് ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും ഭാവനയില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കേസില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും നാള് കാത്ത് നില്‍ക്കുമായിരുന്നോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ക്രൈംബ്രാഞ്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ തങ്ങളും കൂടുതല്‍ പ്രതികരിക്കാമെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെയെങ്കിലും ഒരു കോണ്‍ഗ്രസുകാരനെ ഈ കേസില്‍ പ്രതിയാക്കണമെന്ന് സിപിഐഎമ്മിന് വാശിയായിരുന്നെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.