കോപ്പയില്‍ ബൈ ബൈ ബ്രസീല്‍; ഷൂട്ടൗട്ടില്‍ കാനറികളെ വീഴ്‌ത്തി ഉറുഗ്വോ സെമിയില്‍, ഗോളി ഹീറോ

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക 2024ല്‍ ബ്രസീലിന് സെമി കാണാതെ മടക്കം. കൂട്ടയടിയുടെ വക്കോളമെത്തിയ ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വോയ്ക്ക് എതിരാളികള്‍. 

എന്‍ഡ്രിക്ക് സ്റ്റാര്‍ട്ടിംഗില്‍

വിനീഷ്യസ് ജൂനിയര്‍ സസ്‌പെന്‍ഷന്‍ നേരിട്ടതോടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളുമായാണ് ബ്രസീല്‍ കളത്തിലെത്തിയത്. പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ 4-2-3-1 ഫോര്‍മേഷനില്‍ അവതരിപ്പിച്ച ടീം കൗമാര സെന്‍സേഷന്‍ എന്‍ഡ്രിക്കിനെ സ്ട്രൈക്കറാക്കിയപ്പോള്‍ വിനിക്ക് പകരം റോഡ്രിഗോ ഇടത് വിങ്ങിലേക്കെത്തി. റഫീഞ്ഞ വലത് വിങ്ങിലും കളിച്ചു. ലൂക്കാസ് പക്വേറ്റ, ബ്രൂണോ ഗ്വിമ്മാറസ്, ജാവോ ഗോമസ്, ഗ്വില്ലര്‍മെ അരാന, മാര്‍ക്വീഞ്ഞോസ്, എഡര്‍ മിലിറ്റാവോ, ഡാനിലോ, അലിസണ്‍ ബെക്കര്‍ (ഗോളി) എന്നിവരായിരുന്നു ഇലവനിലെ മറ്റ് താരങ്ങള്‍. അതേസമയം 4-2-3-1 ഫോര്‍മേഷന്‍ തന്നെ സ്വീകരിച്ച ഉറുഗ്വോയില്‍ ഡാര്‍വിന്‍ ന്യൂനസ്, ഫെഡെ വാല്‍വര്‍ദെ, മത്തിയാസ് ഒളിവേര, റൊണാള്‍ഡ് അരാഹോ തുടങ്ങിയ മികച്ച താരങ്ങളുണ്ടായിരുന്നു. 

അടി, ഇടി, ടാക്കിള്‍…പക്ഷേ ഗോളില്ല

ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ആദ്യപകുതി അതിന് അനുവദിച്ചില്ല. മഞ്ഞപ്പടയുടെ റഫീഞ്ഞയുടെയും എന്‍ഡ്രിക്കിന്‍റെയും മുന്നേറ്റം ഗോളിലേക്ക് എത്തിയില്ല. ഉറുഗ്വോയിലാവട്ടെ ന്യൂനസിന്‍റെ ഹെഡര്‍ ഫിനിഷിംഗുകള്‍ പിഴച്ചു. 33-ാം മിനുറ്റില്‍ റൊണാള്‍ഡ് അരാഹോ പരിക്കേറ്റ് പുറത്തായത് ഉറുഗ്വോയ്ക്ക് പ്രഹരമായി. കളി പലവട്ടം മൈതാനത്ത് കയ്യാങ്കളിയായി മാറി. 73-ാം മിനുറ്റില്‍ ബ്രസീലിന്‍റെ റോഡ്രിഗോയെ അപകടമാംവിധം ഫൗള്‍ ചെയ്ത ഉറുഗ്വോ പ്രതിരോധ താരം നഹിതാന്‍ നാന്‍ഡസിനെ വാറിന്‍റെ വിലയിരുത്തലിനൊടുവില്‍ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി. ഇതോടെ ഉറുഗ്വോ പത്ത് പേരായി ചുരുങ്ങി. ഭാഗ്യംകൊണ്ട് മാത്രമായിരുന്നു നാന്‍ഡസിന്‍റെ ടാക്കിളില്‍ കാല്‍ ഒടിയാതെ റോഡ്രിഗോ രക്ഷപ്പെട്ടത്. പിന്നാലെ ഗോള്‍ തേടി ഇരു ടീമുകളും സബ്‌സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി. ഇതോടെ അവസാന 10 മിനുറ്റ് ചൂടുപിടിച്ചു. ബ്രസീലായിരുന്നു ആക്രമണത്തില്‍ മുന്നില്‍. പക്ഷേ അവിടെയും ഗോള്‍ മാറിനിന്നു. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമിനും ഫലം നിരാശയായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. 

ഒടുവില്‍ ഷൂട്ടൗട്ട്

ഉറുഗ്വോയ്ക്കായി ആദ്യ കിക്കെടുത്ത സൂപ്പര്‍ താരം ഫെഡെ വാല്‍വര്‍ദെ ഗോളാക്കി. എന്നാല്‍ ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോയുടെ കിക്ക് ഉറുഗ്വോയന്‍ ഗോളി സെർജിയോ റോഷെ തടുത്തിട്ടു. ഉറുഗ്വോയ്ക്കായി റോഡ്രിഗോ ബെന്‍ടാന്‍കുറും ബ്രസീലിനായി ആന്‍ഡ്രിയാസ് പെരേരയും ഗോള്‍ നേടി. ഉറുഗ്വോയുടെ അവസരത്തില്‍ ജോര്‍ജിയന്‍ ഡി അരാസ്‌ക്വേറ്റ ഗോള്‍ കണ്ടെത്തിയപ്പോള്‍ കാനറികളുടെ ഡഗ്ലസ് ലൂയിസിന്‍റെ കിക്കും ഗോളിയില്‍ അവസാനിച്ചു. ഇതിന് പിന്നാലെ ഹോസ് മരിയ ഗിമനസിന്‍റെ ഷോട്ട് തടുത്ത് അലിസണ്‍ ബക്കര്‍ ബ്രസീലിനെ പ്രതീക്ഷകളിലേക്ക് മടക്കിക്കൊണ്ടുവന്നു. അതേസമയം കാനറികള്‍ക്കായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലക്ഷ്യം കാണുകയും ചെയ്തു. പക്ഷേ തൊട്ടടുത്ത കിക്ക് വലയിലെത്തിച്ച് മാനുവല്‍ ഉഗാര്‍ട്ടെ ഉറുഗ്വേയെ സെമിയിലേക്ക് കൈപിടിച്ച് നടത്തിയപ്പോള്‍ ബ്രസീല്‍ പുറത്തായി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp