കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെത്തി അരുൺ പണം വാങ്ങി മുങ്ങി; പ്രതിയെ പിടിക്കാനാവാതെ പൊലീസ്

സൈബർ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ആത്‌മഹത്യ ചെയ്ത കേസിൽ പ്രതിപ്പട്ടികയിലുള്ള അരുൺ വിദ്യാധരൻ കോയമ്പത്തൂരിൽ നിന്ന് പണം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് 5000 രൂപ വാങ്ങി അരുൺ മുങ്ങിയെന്നാണ് കണ്ടെത്തൽ. ആതിരയുടെ മരണത്തിന് ശേഷമാണ് അരുൺ ഹോട്ടലിൽ എത്തിയത്. 

സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പിടിക്കാനാവാതെ പൊലീസ്. അരുൺ വിദ്യാധരൻ കേരളം വിട്ടിട്ട് അഞ്ച് ദിവസമായെങ്കിലും പ്രതിയെ കുറിച്ച് പൊലീസിന് ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല. പ്രതിയെ പിടികൂടാനാവാത്തതോടെ ലുക്ക് കോട്ടയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതിഷേധസൂചകമായി കടുത്തുരുത്തി സ്റ്റേഷനിലേക്ക് ഇന്ന് ബിജെപി മാർച്ച് നടത്തും.

ആതിരയും അരുണും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ അരുണിന്റെ സ്വഭാവത്തിൽ വന്ന മോശമായ മാറ്റങ്ങൾ കാരണം ആതിര ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതിനുശേഷമാണ് ആതിരയ്ക്കെതിരെ അരുൺ സോഷ്യൽ മിഡിയ വഴി സൈബർ അധിക്ഷേപം തുടങ്ങിയത്. ഞായറാഴ്ച യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നു. ഇതോടെ അരുൺ സൈബർ അധിക്ഷേപം രൂക്ഷമാക്കുകയും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. വാട്സ്ആപ് ചാറ്റുകളും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരത്തോടെ ആതിര കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.

പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിര ആത്മഹത്യ ചെയ്തത്. മണിപ്പൂരിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ മലയാളി ആശിഷ് ദാസിന്റെ ഭാര്യയുടെ സഹോദരിയാണ് ആതിര. സംഭവത്തെ കുറിച്ച് ആശിഷിനെയും ആതിര വിവരം അറിയിച്ചിരുന്നു. ഇദ്ദേഹം കൂടി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആത്മഹത്യ. ആതിരയുടെ മരണത്തോടെ അരുൺ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഒളിവിലാണ്.

ആതിരയുടെ മരണത്തെ കുറിച്ച് ആശിഷ് ദാസും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സഹോദരിയുടെ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp