കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; തീരുമാനമെടുത്തത് പ്രതിപക്ഷ സംഘടനയുടെകൂടി ആവശ്യം പരിഗണിച്ചെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ തീരുമാനമെടുത്തത് പ്രതിപക്ഷ സംഘടനയോടുകൂടി ആവശ്യം പരിഗണിച്ചെന്ന് സര്‍ക്കാര്‍. പ്രതിപക്ഷ അധ്യാപക സംഘടന നല്‍കിയ കത്ത് സര്‍ക്കാര്‍ പുറത്തുവിട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് നല്‍കിയ പരാതിയാണ് പുറത്തുവന്നത്.

ഇതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷവും പ്രതിരോധത്തിലായി. കോളേജ് പ്രിന്‍സിപ്പല്‍ നിയമത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപ്പെട്ടുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇടത് അധ്യാപക സംഘടനയായ എകെജിസിറ്റി നല്‍കിയ കത്ത് പുറത്തുവന്നത്. ഇടത് അധ്യാപക സംഘടനയ്ക്ക് വേണ്ടിയാണ് മന്ത്രി ഇടപെട്ടത് എന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം. മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷ അധ്യാപക സംഘടന നല്‍കിയ കത്ത് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2022 ജൂണ്‍ 30നാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുന്നത്. സെലക്ട് കമ്മിറ്റി തയ്യാറാക്കി വകുപ്പ് തല പ്രമോഷന്‍ സമിതി അംഗീകരിക്കുകയും ചെയ്ത പട്ടികയ്ക്ക് എതിരെയായിരുന്നു പരാതി. പട്ടികയില്‍ യോഗ്യരാവയവര്‍ പുറത്തുപോയെന്നും യുജിസി കെയര്‍ ലിസ്റ്റിലുള്‍പ്പെട്ട പേപ്പറുകള്‍ പരിഗണിച്ചില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

പ്രൊമോഷന്‍ ലഭിക്കാത്തതിന്റെ കാരണം അറിയാനുള്ള അവകാശം അധ്യാപകര്‍ക്കുണ്ട്. ശാസ്ത്രവിഷയങ്ങളിലെ ജേര്‍ണലുകള്‍ അളക്കുന്ന മാനദണ്ഡം ഉപയോഗിച്ച് ഭാഷാ മാനവിക വിഷയങ്ങളെ അളക്കാന്‍ കഴിയില്ല. ആക്ഷേപങ്ങള്‍ പരിഗണിക്കാന്‍ സമിതി രൂപീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 27 ന് എകെജിസിടി നല്‍കിയ കത്തും ജൂണ്‍ 30ന് സി കെ സി ടി നല്‍കിയ കത്തും പരിഗണിച്ചാണ് മന്ത്രി ഇടപ്പെട്ടത് എന്നാണ് സര്‍ക്കാര്‍ വാദം. തുടര്‍ന്ന് 2022 നവംബര്‍ 12നാണ് മന്ത്രി അന്തിമ പട്ടിക കരട് പട്ടികയാക്കാന്‍ ഉത്തരവിട്ടത്. ഇതോടൊപ്പം പരാതി പരിഹരിക്കാന്‍ അപ്പീല്‍ സമിതി രൂപീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്നാണ് 76 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നേതാക്കളും ഇടം നേടിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp