കോഴിക്കോട്ടെ യുദ്ധകപ്പൽ രൂപകല്പനാ കേന്ദ്രം ഉപേക്ഷിച്ചു

കോഴിക്കോട് ചാലിയത്തെ നിർദ്ദേശ് പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. ചാലിയത്തെ കപ്പൽ രൂപകല്പനാ കേന്ദ്രത്തിന് 2011 ലാണ് തറക്കല്ലിട്ടത്. 200 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിച്ചത്. ഷിപ്പ്യാർഡുകളുടെ സൊസൈറ്റിയായി നിർദ്ദേശിനെ മാറ്റാനാണ് പുതിയ നീക്കം. പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ 40 ഏക്കർ ഭൂമി സൗജന്യമായി അനുവദിച്ചിരുന്നു.

എകെ ആൻ്റണി പ്രതിരോധ മന്ത്രി ആയിരിക്കുമ്പോഴാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ച് അതിനു തറക്കല്ലിട്ടത്. ഉദ്ഘാടനച്ചടങ്ങിനു മാത്രം 1.60 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ, അതിനു ശേഷം ധനവകുപ്പിൻ്റെ ഭാഗത്തുനിന്നുള്ള എതിർപ്പിനെ തുടർന്ന് ഒരു നയാ പൈസ പോലും ഈ പദ്ധതിക്കായി ചെലവഴിക്കാൻ യുപിഎ സർക്കാരിനോ അതിനു ശേഷം വന്ന എൻഡിഎ സർക്കാരുകൾക്കോ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഈ പദ്ധതി കഴിഞ്ഞ 10 വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇപ്പോൾ പ്രതിരോധ മന്ത്രാലയം പറയുന്നത്, സർക്കാരിന് ഈ പദ്ധതിക്കായി പണം ചെലവാക്കാനാവില്ല എന്നാണ്. കാരണം ഈ പദ്ധതി പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ധനവകുപ്പിൻ്റെ അനുമതി വാങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി ഈ പദ്ധതി മുന്നോട്ടുപോകണമെങ്കിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഷിപ്പ്യാർഡുകളുടെ സൊസൈറ്റിയാക്കി മാറ്റാമെന്നാണ് നിർദ്ദേശം. യുദ്ധക്കപ്പൽ രൂപകല്പന ചെയ്യുന്നതിനും യുദ്ധക്കപ്പൽ നിർമാണത്തെപ്പറ്റി കുട്ടികൾക്ക് പഠിക്കാനുമുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആയാണ് നേരത്തെ ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp