കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയോഗം ഇന്ന്; രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും

ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയോഗം ഇന്ന്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗവും ഇന്ന് ചേരും.

വൈകീട്ട് അഞ്ചരയ്ക്ക് പാർലമെന്റ് സെൻട്രൽ ഹാളിൽ ചേരുന്ന പാർലമെന്ററി പാർട്ടി മീറ്റിങ്ങിലാകും രാഹുൽ ഗാന്ധിയെ ലോക്സഭ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുക. പാർലമെൻന്ററി പാർട്ടി ചെയർപേഴ്സൺ ആയി സോണിയ ഗാന്ധി തന്നെ തുടരാനാണ് സാധ്യത. പത്ത് വർഷത്തിനുശേഷമാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കോൺഗ്രസ് വീണ്ടും എത്തുന്നത്.

ഒരു പാർട്ടിക്കും 10 ശതമാനം സീറ്റുകൾ നേടാനാകാത്തതിനാൽ 2014 മുതൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 52 ൽ നിന്ന് 101 സീറ്റുകളിലേക്ക് കോൺഗ്രസ് എത്തിയതോടെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം. 2019ൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി, നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയേക്കും.

തെരഞ്ഞെടുപ്പ് ഫലം രാഹുലിൻറെ സ്വീകാര്യത കൂട്ടിയതും സമ്മർദ്ദത്തിന് കാരണമാകും. രാഹുലിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ ഇന്ത്യാ സഖ്യത്തിനും എതിർപ്പില്ല. ഗുജറാത്ത്, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടും ബംഗാളിലും മധ്യപ്രദേശിലുമേറ്റ തിരിച്ചടി യോഗത്തിൽ ചർച്ചയാകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp