ക്രൂരതയ്ക്ക് വധശിക്ഷയോ? ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്

കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടോ എന്ന റിപ്പോർട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ശിക്ഷാ വിധി.

ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. പ്രതിയുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp