കൗമാരക്കാര്‍ക്കിടയില്‍ ഉപയോഗം വര്‍ധിക്കുന്നു; ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ

ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്‌ട്രേലിയ. കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇസിഗരറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വരുംതലമുറ പുകയില ഉപഭോഗത്തിന് അടിമകളാകുന്നുവെന്നും കൗമാരക്കാരെയാണ് ഇവ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.

ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ പുകവലി വിരുദ്ധ പരിഷ്‌കാരങ്ങളാണ് ഓസ്‌ട്രേലിയ നടപ്പാക്കുന്നത്. ഉയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കാനും അവയുടെ ഇറക്കുമതി നിര്‍ത്താനുമാണ് തീരുമാനം. പുകവലി പൂര്‍ണമായും നിരോധിക്കാനുള്ള ശ്രമങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. 2012ല്‍ സിഗരറ്റിന് പ്ലെയിന്‍ പാക്കേജിംഗ് നിയമം നടപ്പാക്കുന്ന ആദ്യത്തെ രാജ്യമായും ഓസ്‌ട്രേലിയ മാറി.

ഇ സിഗരറ്റിനെതിരെ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യം പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ ഓസ്‌ട്രേലിയ നിരോധിക്കും. സ്‌കൂളുകളില്‍ വ്യാപകമായാണ് വിദ്യാര്‍ത്ഥികള്‍ വാപ്പിംഗ് ഉപയോഗിക്കുന്നതെന്നും പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ സിഗരറ്റ് വ്യാപകമാണെന്നും ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി മാര്‍ക്ക് ബട്ട്‌ലര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍ ഇസിഗരറ്റുകള്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ പല കടകളിലും ഇപ്പോഴും ഇവ വ്യാപകമായി ലഭ്യമാണ്.

‘ഇ സിഗരറ്റുകള്‍ വിനോദത്തിനായി ഉപയോഗിക്കാനുള്ളതല്ല പ്രത്യേകിച്ചും ഞങ്ങളുടെ കുട്ടികള്‍ക്ക്. പുകയില ഉപയോഗം കുറയ്ക്കാന്‍ എന്നോണം ഇ സിഗരറ്റ് വാങ്ങുന്നവരുടെ എണ്ണം ഗണ്യമായാണ് വര്‍ധിക്കുന്നത്’. ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

2000കളുടെ തുടക്കത്തിലാണ് ഇ സിഗരറ്റുകള്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. പുകയില ഉപയോഗത്തില്‍ നിന്ന് മോചനമെന്ന നിലയില്‍ ഉപയോഗിച്ചുതുടങ്ങിയ ഇവ നിലവില്‍ പല രാജ്യങ്ങളിലും കുട്ടികളടക്കം ഉപയോഗിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി 2022ല്‍ നടത്തിയ ഒരു പഠനത്തില്‍ ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നത് കൗമാരക്കാര്‍ പുകവലി തുടങ്ങാനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് കണ്ടെത്തി.

കുട്ടികളിലും കൗമാരക്കാരിലും നിക്കോട്ടിന്‍ ഉപയോഗം ആജീവനാന്ത പ്രശ്‌നങ്ങള്‍ക്കും പഠനത്തിലെ ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പുകയില മുക്തമാണെങ്കിലും നൂറുകണക്കിന് രാസവസ്തുക്കള്‍ അടങ്ങിയതാണ് വേപ്പുകളെന്നും ഇത് മറ്റ് മാരകമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp