കർണാടക മാജിക് മധ്യപ്രദേശിലും ആവർത്തിക്കും, 150-ലധികം സീറ്റുകൾ നേടുമെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 150-ൽ അധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. രാഹുൽ ഗാന്ധിയെ കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കർണാടക തെരഞ്ഞെടുപ്പിൽ കണ്ട മാജിക് മധ്യപ്രദേശ് തെരഞ്ഞെടുപ്പിലും ആവർത്തിക്കും. സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളിൽ 150-ലധികം സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് വിലയിരുത്തൽ – രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖത്തെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല. വളരെ പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ചയാണ് നടന്നതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ കമൽനാഥ് പ്രതികരിച്ചു.

ഡൽഹിയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാന മുൻ മുഖ്യമന്ത്രി കമൽനാഥ്, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ദിഗ്‌വിജയ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ രണ്ടെണ്ണമാണ് മധ്യപ്രദേശും രാജസ്ഥാനും. എംപിയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ കോൺഗ്രസിന് കച്ചമുറുക്കുമ്പോൾ, രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ചേരിപ്പോര് വലിയ തലവേദനയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp