കർഷകരെ ‘ചതിച്ച്’ സർക്കാർ’; സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കർഷകർ നിരാഹാരത്തിലേക്ക്

ആലപ്പുഴ: കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിൻ്റെ വിലയിൽ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവിൽ സപ്ലൈസ് കോർപ്പറേഷൻ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ കർഷകർക്ക് പണം നൽകുന്നില്ല. ഉല്പാദനക്കുറവ് മൂലം വൻ നഷ്ടം നേരിടുന്നതിനിടയിൽ സംഭരണ വിലയും കിട്ടാതായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. സംഭരണ വിലയുടെ കുടിശ്ശിക നൽകാത്തതിനെതിരെ നെൽ കർഷകർ ഇന്ന് നിരാഹാര സമരം നടത്തും.

2023 – 24 വർഷത്തെ പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ചതിൻ്റെ പണമാണ് ഇനിയും കൊടുത്തു തീർക്കാൻ ഉള്ളത്. പുഞ്ച കൃഷിയിൽ 1,500 കോടി രൂപയുടെ നെല്ലാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിച്ചത്. ഇതിൽ 500 കോടി രൂപ കുടിശികയായി കിടക്കുകയാണ്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വായ്പാ തിരിച്ചടവ് മുടക്കിയത് മൂലം ബാങ്കുകൾ കർഷകർക്ക് പിആർഎസ് തുക നൽകാൻ തയ്യാറാകുന്നില്ല. കൃഷി മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടും പണം അനുവദിക്കുന്നില്ലെന്ന് നെല്‍ കർഷക സംരക്ഷണ സമിതി പറയുന്നു.

സംഭരണ വില കുടിശ്ശിക ആയതിന് പുറമേ പമ്പിങ് സബ്സിഡി , റോയൽറ്റി, പ്രൊഡക്ഷൻ ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും കുടിശ്ശികയാണ്. നെല്ല് ഉൽപ്പാദിപ്പിക്കുന്ന കർഷകരെ സർക്കാർ അധികപ്പറ്റായാണ് കാണുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. സർക്കാരിന്റെ ധനപ്രതിസന്ധിയാണ് കുടിശ്ശിക നൽകുന്നതിന് തടസ്സമായതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. സർക്കാർ സപ്ലൈകോയ്ക്ക് പണം നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp