ജി20 സമ്മേളനത്തില്‍ ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ആശങ്കയറിയിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ഫൈവ്‌ഐ കൂട്ടായ്മ കൈമാറിയ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നത്. ഫൈവ്‌ഐ കൂട്ടായ്മയിലെ അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് നിജ്ജറിന്റെ കൊലപാതകത്തല്‍ ഇന്ത്യയോട് ആശങ്ക അറിയിച്ചത്.
എന്നാല്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞു. നിജ്ജറിനെയും നിജ്ജറിന്റെയും പ്രവര്‍ത്തനങ്ങളെയും കാനഡ നിരീക്ഷിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല. ഇന്ത്യ നിരവധി തവണ നിജ്ജറിന്റെ കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നെങ്കിലും കാനഡ കാര്യമായെടുത്തില്ല.
നിജ്ജറിനും സംഘത്തിനും കാനഡ നല്‍കിയത് അന്തരാഷ്ട്രി ധാരണകള്‍ക്ക് വിരുദ്ധമായ സഹായമാണെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയിലുള്ള പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ കാനഡവിരുദ്ധ വികാരം പടരുന്നെന്നും നിരീക്ഷണം.