ഗംഗാവലി പുഴയുടെ വൃഷ്‌ടി പ്രദേശത്ത് മഴ മാറി, ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങാൻ തീരുമാനം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായി അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാർവാർ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്‌ജർ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും വിവരമുണ്ട്. ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്‌ജർ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് എത്താൻ 30 മുതൽ 40 മണിക്കൂർ സമയം എടുക്കുമെന്നാണ് വിവരം. ടഗ് ബോട്ടിലാണ് ഡ്രഡ്ജർ കൊണ്ടുവരിക. കാലാവസ്ഥ നിലവിൽ അനുകൂലമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല. ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp