ഗസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, നാളെ മുതൽ പ്രാബല്യത്തിൽ

ഗസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്പൂർണ മന്ത്രിസഭയുടെ അംഗീകാരം. കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമാണ് വെടിനിർത്തൽ കരാർ 33 അംഗ സമ്പൂർണ മന്ത്രിസഭയുടെ വോട്ടെടുപ്പിനായി കൈമാറിയത്.24 പേർ കരാറിനെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ കരാറിന് അംഗീകാരമായി. കരാർ വ്യവസ്ഥകളിൽ അവസാന നിമിഷം ഹമാസ് ചില മാറ്റങ്ങൾ വരുത്താൻ ശ്രമിപ്പിച്ചുവെന്നാരോപിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ വെടിനിർത്തൽ കരാറിന് അംഗീകാരം വൈകിപ്പിച്ചത്.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ബന്ദികളെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.

യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരാണ് ഖത്തര്‍.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp