ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ പാസാക്കി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കി. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയില്‍ അടിയന്തരമായി സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തോട് വിയോജിച്ചപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍, ടുണീഷ്യ, യുക്രൈന്‍, യുകെ മുതലായ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയിലേക്ക് തടസമില്ലാതെ സേവനമെത്തിക്കല്‍, ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍. ഹമാസിനെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതിയെ നിരവധി രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വരികയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം പേരും ഇസ്രയേലിനെ പിന്തുണയ്ക്കാതെ നാസി ഭീകരവാദികളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp