അങ്കമാലിയിൽ ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്.
അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. എസ്ഐയെ വിരട്ടിയാണ് ഗുണ്ടയുടെ വീട്ടിൽ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്. തന്നെ പിടിക്കാൻ എസ്ഐക്ക് അധികാരമില്ലെന്ന് ഡിവൈഎസ്പി ക്ഷോഭിച്ചു. കൂടെയുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പൊലീസുകാരാണ് കൂടെയുള്ളതെന്ന വിവരം ഡിവൈഎസ്പി മറച്ചുവെച്ചു. എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്തോളാൻ പറഞ്ഞാണ് ഡിവൈഎസ്പി ഗുണ്ടയുടെ വീട്ടിൽ നിന്നും മടങ്ങിയത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടത്തിന് വലിയ ശ്രമം നടക്കുമ്പോഴാണ് ഡിവൈഎസ്പി ഗുണ്ടയുടെ വീട്ടിൽ വിരുന്നുണ്ണാൻ പോകുന്നത്.