കൊച്ചി: ആലുവയിൽ മെട്രോ തൂണിൽ രൂപപ്പെട്ട വിള്ളലിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി കൊച്ചി മെട്രോ അധികൃതർ. ആലുവ ബൈപ്പാസിനോട് ചേർന്നുള്ള 44-ാം നമ്പർ തൂണിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് നാട്ടുകാർ പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കെഎംആർഎൽ വിശദമായ പരിശോധന നടത്തിയത്.
വിള്ളൽ വന്നത് തൂണിലെ ‘പ്ലാസ്റ്ററിങി’ലാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, മെട്രോ തൂണുകളിൽ പ്ലാസ്റ്ററിങ് ചെയ്തിട്ടില്ലെന്നും വിശദീകരണം വിശ്വസിക്കാനാകില്ലെന്നുമായിരുന്നു കമൻ്റ് ബോക്സിൽ പലരും ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് കെഎംആർഎൽവിഷയത്തിൽ വ്യക്തത വരുത്തിയത്.
“മെട്രോയുടെ തൂണുകൾ നിർമിക്കുമ്പോൾ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുന്നത് വൃത്താകൃതിയിലുള്ള ചട്ടക്കൂട് തയ്യാറാക്കി അതിനുള്ളിലാണ്. ഉയരമുള്ള തൂണുകളുടെ നിർമാണത്തിൽ ഒന്നിലധികം ഘട്ടങ്ങളുണ്ടാകാം. കോൺക്രീറ്റ് ഉറച്ചു കഴിയുമ്പോൾ ചട്ടക്കൂട് അഴിച്ചു മാറ്റിയശേഷം മുകളിലേക്ക് സ്ഥാപിക്കുകയാണ് പതിവ്. രണ്ടോ ചിലപ്പോൾ മൂന്നോ പ്രാവശ്യമായാണ് ഇത് ചെയ്യാറുള്ളത്. ചുവട്ടിലുള്ള ഭാഗത്തു നിന്ന് മുകളിലെ ലയറിലേക്ക് ഈ ചട്ടക്കൂട് മാറ്റി അവിടെ വീണ്ടും കോൺക്രീറ്റ് ചെയ്യുമ്പോൾ രണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് വിള്ളൽ ഉണ്ടാകാറുണ്ട്. അത് സാധാരണയായി സിമന്റ് ഉപയോഗിച്ച് കവർ ചെയ്യുകയാണ് പതിവ്.” കെഎംആർഎൽ വൃത്തങ്ങൾ സമയം മലയാളത്തോടു പറഞ്ഞു.
“ചിലപ്പോൾ ഇങ്ങന കവർ ചെയ്യുമ്പോൾ ഈ സമയത്ത് മഴയോ എന്തെങ്കിലും ഉണ്ടായി ചെറിയ സെഗ്രഗേഷൻ (സിമൻ്റ് മിശ്രിതത്തിലെ ശോഷണം) ഉണ്ടായിരിക്കാം. അതാണ് അവിടെ മാത്രം ഒരു പ്രശ്നം കണ്ടത്. അതായത്, എന്തെങ്കിലും തരത്തിൽ ബലക്ഷയം കാരണമുള്ള വിള്ളൽ ആണെങ്കിൽ കൃത്യമായ ഒരു വൃത്തത്തിൽ തന്നെ ഉണ്ടാകില്ല. മറിച്ച് അത് ചെരിയുന്നതിന് അനുസരിച്ച് ഒരു വശത്ത് മാത്രമാണ് വിള്ളൽ രൂപപ്പെടുക.” അവർ വ്യക്തമാക്കി.
തൂണിനെ ബലക്ഷയം ബാധിച്ചതല്ലെന്നും കോൺക്രീറ്റ് നിർമിതിയിലെ നിരപ്പില്ലായ്മയാണ് കാരണമെന്നുമാണ് കെഎംആർഎലിൻ്റെ ഔദ്യോഗിക വിശദീകരണം. രണ്ട് ഘട്ടമായി കോൺക്രീറ്റ് ചെയ്യുമ്പോൾ ഉണ്ടായ ഏറ്റക്കുറച്ചിലാണെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് ഒരു ‘സൗന്ദര്യപ്രശ്നം’ മാത്രമാണെന്നും അധികൃതർ വിശദീകരിച്ചു. തൂണിന് പ്ലാസ്റ്ററിങ് പ്രത്യേകമായി ചെയ്യുന്നില്ല. വാർത്തെടുത്ത തൂൺ ചെറുതായി മിനുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ആലുവ മെട്രോ സ്റ്റേഷനും പുളിഞ്ചോട് മെട്രോ സ്റ്റേഷനും ഇടയിലായി സ്ഥിതി ചെയ്യുന്ന മെട്രോ തൂണിലായിരുന്നു അപാകത കണ്ടെത്തിയത്. ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണ വിടവ് വർധിച്ച് വരുന്നതായും സമീപവാസികൾ പറയുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആറു മാസം മുൻപു തന്നെ വിഷയം തങ്ങളുടെ ശ്രദ്ധയിൽപെട്ടിരുന്നുവെന്നും എന്നാൽ പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടിരുന്നില്ലെന്നും അധികൃതർ സമയം മലയാളത്തോട് പറഞ്ഞു. പില്ലറിൽ യാതൊരു വിധ അറ്റകുറ്റപണികളുടേയും ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.