വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി ഇന്ന്. ദശമിദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഏകാദശിയും കഴിഞ്ഞ് ദ്വാദശിദിനമായ നാളെ രാവിലെ ഒൻപതിന് മാത്രമേ അടയ്‌ക്കൂ. 53 മണിക്കൂറോളമാണ് നട തുറന്നിരിക്കുക. തുടർച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്.
ഏകാദശി ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക.
വാകച്ചാർത്ത്, ഉഷ:പൂജ, എതിർത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയാണ് ഇന്നത്തെ പ്രധാന പൂജകൾ. പ്രദക്ഷിണം, ചോറൂണ് എന്നിവയ്‌ക്കു ശേഷം ദർശനം അനുവദിക്കില്ല.
ഏകാദശി ദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തിൽ ദ്വാദശി സമർപ്പണവും നടക്കും. ഏകാദശി നോറ്റ് ദ്വാദശിപ്പണം സമർപ്പിച്ച് മഹാബ്രാഹ്മണരുടെ അനുഗ്രഹം തേടണം. ഇതിനെയാണ് ദ്വാദശിപണ ചടങ്ങ് എന്ന് പറയുന്നത്. ത്രയോദശിയോട് കൂടി ഏകാദശി ചടങ്ങുകൾ അവസാനിക്കും.