ഡോറയുടെ പ്രയാണം കാർട്ടൂൺ നിങ്ങൾ കണ്ടിട്ടില്ലേ ? ഡോറയ്ക്കും കൂട്ടുകാരൻ ബുജിയ്ക്കും വഴി കാട്ടിയായിട്ടുള്ള മാപ്പിലെ നിങ്ങൾക്ക് ഓർമയില്ലേ ? അത്തരത്തിൽ ഇന്ന് നിങ്ങൾ എപ്പോൾ പുറത്ത് പോയാലും ഒരു മാപ്പും കൂടെ കാണുമല്ലോ, നമ്മുടെ ഗൂഗിൾ മാപ്പ്. എന്നാൽ അക്ഴിന്ജ കുറച്ചുനാളായി കൂടെ കൂടി വഴി തെറ്റിക്കുന്ന ആളായിട്ടുണ്ട് അവൻ. ‘മാപ്പ്’ അർഹിക്കാത്ത തെറ്റുകളാണ് ഗൂഗിൾ മാപ്പിന്റെ പേരിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം കുഴിമാടത്തിലേക്കാണ് അവനിപ്പോൾ പലപ്പോഴും വഴി കാണിക്കുന്നത്. എങ്കിലും ലോകത്തിന്റെ പ്രിയപ്പെട്ട മാപ്പിങ് ആപ്ലിക്കേഷൻ ഗൂഗിളിന്റെ ഈ വിരുതൻ തന്നെ. ഗൂഗിൾ മാപ്പിനെക്കൂടാതെ മറ്റു മാപ്പിങ് സോഫ്‌റ്റ്‌വെയറുകളും ലഭ്യമാണ്.
ചില മാപ്പിങ് സോഫ്റ്റ്‌വെയറുകൾ ഇതാ
- ജിപിഎസ് സംവിധാനമുപയോഗിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് വേസ് (Waze). ക്രൗഡ് സോഴ്‌സിങ്ങും മൊബൈൽ ഡേറ്റ വഴി ഡൗൺലോഡ് ചെയ്‌തെടുക്കുന്ന വിവരങ്ങളും ഉപയോഗിക്കുന്ന മാപ്പിങ് സംവിധാനമാണ് ഇത്. ഒരു ഇസ്രയേൽ കമ്പനി വികസിപ്പിച്ച വേസിനെ 2013ലാണ് ഗൂഗിൾ ഏറ്റെടുത്തത്. ട്രാഫിക് കുരുക്കുകൾ മുതൽ ആക്‌സിഡന്റുകൾ വരെ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം വേസിലുണ്ട്. വേസിൽ പല പ്രമുഖരുടെയും ശബ്ദത്തിൽ വഴി പറഞ്ഞുകിട്ടാൻ സൗകര്യമുണ്ട്.
- ആപ്പിൾ മാപ്‌സ് ആപ്പിൾ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആപ്പിളിന്റെ എഐ ശബ്ദസംവിധാനമായ സിരി വഴിയും പറഞ്ഞുതരും. മികച്ച ഡിസൈനും യൂസർ ഇന്റർഫേസും ഈ മാപ്പിനുണ്ട്.
- ഗൂഗിൾ മാപ്പിനോളം പഴക്കമുള്ള മാപ്പിങ് സംവിധാനമാണ് മാപ് ക്വസ്റ്റ് (MapQuest). എന്നാൽ ഗൂഗിൾ മാപ്പിന്റെ അത്ര സുഗമമായ പ്രവർത്തനരീതി അവകാശപ്പെടാൻ ഇതിനായില്ല.
- ഒരുകാലത്ത് മൊബൈൽ ഫോൺ നിർമാണമേഖലയിലെ കുത്തക നാമമായിരുന്ന നോക്കിയ വികസിപ്പിച്ചെടുത്ത മാപ്പിങ് ആപ്ലിക്കേഷനാണ് നോക്കിയ മാപ്‌സ്. 2016ൽ ഇതിനെ ഹിയർ വി ഗോ എന്ന പേരിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഇറക്കി. ഇന്ന് ലോകത്തെ പല മുൻനിര വാഹന കമ്പനികളും ഹിയർ വി ഗോ തങ്ങളുടെ വാഹനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഫ്‌ലൈൻ മാപ്പായും ഇതുപയോഗിക്കാം. ട്രാഫിക് അലർട്ടുകളും ഇതു തരും. എന്നാൽ ഗൂഗിൾ മാപ്പിന്റെ അത്ര അപ്റ്റുഡേറ്റ് അല്ല ഹിയർ വി ഗോയെന്ന് ചില ഉപയോക്താക്കൾ പറയുന്നു.
- ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന മറ്റൊരു മാപ്പിങ് ആപ്ലിക്കേഷനാണ് മാപ്‌സ് ഡോട് എംഇ(Maps.Me). ഓഫ്‌ലൈൻ മാപ്പായും ഉപയോഗിക്കാം.
- ഓപ്പൺസോഴ്‌സ് സ്ട്രീറ്റ് ഡേറ്റ ഉപയോഗിക്കുന്ന മറ്റൊരു ആപ്പാണ് ഒഎസ്എംആൻഡ് (OsmAnd). ഇതിന് ഫ്രീ വേർഷനും കൂടുതൽ സൗകര്യങ്ങളുള്ള പ്രീമിയം വേർഷനുമുണ്ട്. ഗൂഗിൾ മാപ്പിനോട് നമുക്കുള്ള ബന്ധം അങ്ങനെയിങ്ങനെയൊന്നും പോകില്ല. പക്ഷേ, വിദൂരവും പരിചിതമല്ലാത്തതുമായ സ്ഥലങ്ങളിലേക്കൊക്കെ പോകുമ്പോൾ വേറൊരു മാപ്പ് ആപ്ലിക്കേഷൻ കൂടി റഫറൻസിനായി ഉപയോഗിക്കുന്നതിൽ തെറ്റില്ല.