ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൈവരിയില്ലാത്ത പാലത്തിൽനിന്ന് കാർ പുഴയിൽ വീണു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പള്ളഞ്ചി (കാസർകോട്): മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാൽ റീച്ചിൽ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെ സ്വിഫ്റ്റ് കാർ ഒഴുക്കിൽ പെട്ടു. കാറിലുണ്ടായിരുന്ന പുല്ലൂർ പെരിയ പഞ്ചായത്തിലെ ഏഴാംമൈൽ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുൾ റഷീദ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം. രാത്രിപെയ്ത ശക്തമായ മഴയിൽ പള്ളഞ്ചി പൈപ്പ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരുന്നത്. വെള്ളമൊഴുകുമ്പോഴും പാലത്തിൻ്റെ ആകൃതി തെളിഞ്ഞു കണ്ടതിനാൽ വാഹനം മുൻപോട്ട് എക്കുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.

പരിചയമില്ലാത്ത വഴിയായതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുകയായിരുന്നു ഇവര്‍. പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ പാലത്തിൽനിന്ന് തെന്നിനീങ്ങി പുഴയിൽ പതിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ടയുടൻ യാത്രക്കാരിലൊരാൾ കാറിനകത്തുനിന്നുതന്നെ കുറ്റിക്കോൽ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇതിനിടയിൽ ശക്തമായ ഒഴുക്കിൽ കാർ ഒഴുകിത്തുടങ്ങിയതോടെ ഗ്ലാസ് തുറന്ന് ഇരുവരും വെളിയിലെത്തുകയും നീന്തി പുഴയുടെ നടുവിലുള്ള മരത്തിൽ പിടിച്ച് നിൽക്കുകയും ചെയ്തു.

പുഴയുടെ ഇരുകരയും സംരക്ഷിത വനമേഖലയാണ്. അഗ്നിരക്ഷാസേനയുടെ വാഹനത്തിൻ്റെ സൈറൺ കേട്ടാണ് പ്രദേശവാസികൾ വിവരമറിയുന്നത്. സേനയെത്തുമ്പോൾ പുഴയ്ക്ക് നടുവിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു ഇരുവരും. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന അം​ഗങ്ങൾ അതിസാഹസികമായാണ് ഇരുവരെയും രക്ഷിച്ചത്.

അപ്പോഴേക്കും കാർ നൂറ് മീറ്ററോളം ദൂരേയ്ക്ക് ഒഴുകിപ്പോയിരുന്നു. പരിക്കുകളില്ലാതെ യാത്രക്കാരെ രക്ഷിക്കാനായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. വനഭൂമി വിട്ടുകൊടുക്കാത്തതിനാൽ മലയോര ഹൈവേയിലെ നിർമാണം തടസ്സപ്പെട്ട സ്ഥലത്താണ് അപകടമുണ്ടായത്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp