ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും മൂന്ന് മാസത്തിനുള്ളില്‍ സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാന് ഉത്തരവ്.

ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബാലാഭാസ്കറിന്‍റെത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന കെ സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോർട്ട്.

2018 സെപ്തംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലഭാസ്‌കറിന്റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും പ്രകാശന്‍ തമ്പിയെയും സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടിയതോടെ, അപകടത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp