ഗോൾഡൻ ഗ്ലോബിൽ നിരാശ; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്‌കാരം നഷ്ടമായി

എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്കാരം നഷ്ടമായി. ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’[പ്രഭയായി നിനച്ചതെല്ലാം]. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിച്ചത്.മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്. എന്നാൽ മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് നേടി. സംവിധാന മികവിന് ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്.ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയത്. യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. അന്തരാഷ്ട്ര തലങ്ങളിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp