ഗ്രീഷ്മ ശിക്ഷിക്കപ്പെടുമോ?; പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്

പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് വിധി പറയും. ഷാരോണിനെ വിഷം ചേർത്ത കഷായം കുടിപ്പിച്ചു കൊന്ന കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയുക. പ്രതിയായ ഗ്രീഷ്മ കുറ്റക്കാരി ആണോയെന്ന് മാത്രമായിരിക്കും ഇന്ന് വിധിക്കുക.കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺരാജ് വധക്കേസ് സമാനതകളില്ലാത്തതാണ്. ഷാരോണിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ കാമുകി ഗ്രീഷ്മ നടത്തിയ ക്രൂര കൊലപാതകതകം ഞെട്ടലോടെയാണ് കേരളം കേട്ടത്.

2022 ഒക്ടോബർ 25. തിരുവന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ ഷാരോൺ രാജ് മരണത്തിന് കീഴങ്ങി. പതിനൊന്ന് ദിവസം മുൻപ് ഒക്ടോബർ 14-നാണ് അവശനിലയിൽ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.

ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം ജ്യൂസിൽ പാരസെറ്റാമോൾ കലർത്തി നൽകി. ജ്യൂസ് ചലഞ്ച് എന്ന് പറഞ്ഞായിരുന്നു മരുന്നു കലർത്തി നൽകിയത്. എന്നാൽ, അന്ന് ഷാരോൺ രക്ഷപ്പെട്ടു.

രണ്ടാമത്തെ ശ്രമത്തിൽ ഗ്രീഷ്മ വിജയിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്മയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, അച്ഛനോടും സുഹൃത്തിനോടും ഗ്രീഷ്മ ചതിച്ചെന്ന് വെളിപ്പെടുത്തി.ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുടെ സഹായത്തോടെ ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യം പാറശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2022 ഒക്ടോബർ 30-ന് ഗ്രീഷ്മയേയും ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഗ്രീഷമയുടെ കുറ്റസമ്മതം. ഒക്ടോബർ 31-ന് അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു.

2023 ജനുവരി 25-ന് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ 142 സാക്ഷികൾ. കൊലപാതകം, കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകാൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കേടതിയും സുപ്രീംകോടതിയും തള്ളി. ഒരുവർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേരള മനസാക്ഷിയെ ഞെട്ടിച്ച കേസിൽ ഇന്ന് ശിക്ഷാവിധി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp