ഗർബ പന്തലിൽ കയറണമെങ്കിൽ ഗോമൂത്രം കുടിക്കണം; വിചിത്ര നിലപാടുമായി ബിജെപി നേതാവ്

ഉത്തരേന്ത്യയിൽ നവരാത്രി ആഘോഷങ്ങളിൽ പ്രധാനമാണ് ഗർബ നൃത്തം. നവരാത്രി കാലത്ത് വലുതും ചെറുതുമായ നിരവധി ഗർബ പന്തലുകൾ നാട്ടിലെങ്ങും ഉയരും. നൃത്തത്തിൽ പങ്കുചേരാനും കാണാനും നിരവധിപേരാണ് എത്താറുള്ളത്. എന്നാൽ ഇത്തവണ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരെ ഗോമൂത്രം കുടിപ്പിച്ച ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടാൻ പാടുള്ളു എന്നാണ് മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നുള്ള ഒരു ബിജെപി പ്രാദേശിക നേതാവിൻ്റെ ആവശ്യം. ഇന്ദോറിൽ ഗർബ നൃത്തപരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയതായും ജില്ലാ അധ്യക്ഷൻ ചിണ്ടു വെർമ പറഞ്ഞു.

സനാതനധർമ്മം അനുസരിച്ച് ഗോമൂത്രം ഹിന്ദുക്കളുടെ പുണ്യജലമാണ്. ഗർബപന്തലുകളുടെ പ്രവേശന കവാടത്തിൽ അകത്തേക്ക് കയറുന്നതിന് മുമ്പ് എല്ലാവർക്കും ഗോമൂത്രം നൽകണം. ഹിന്ദുക്കൾ അത് നിരസിക്കാതെ നിശ്ചയമായും കുടിക്കും. ഹൈന്ദവ ആചാരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് പുണ്യാഹം കുടിച്ച് ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കുന്ന പതിവുണ്ട്. ഇതിനെ ആചമൻ എന്നാണ് പറയുന്നത്. ഗർബ നൃത്തങ്ങൾക്ക് മുന്നോടിയായി ഈ ചടങ്ങ് നടത്താനാണ് സംഘാടകരോട് ആവശ്യപ്പെടുന്നതെന്നായിരുന്നു ചിണ്ടു വെർമയുടെ വിശദീകരണം. ആധാർ കാർഡ് തിരുത്താൻ കഴിയും എന്നാൽ ആചാരങ്ങൾ അതുപോലെ തിരുത്താനാവില്ല. മറ്റ് മതസ്ഥർ ഗർബ വേദികളിലേക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ ആചമൻ വഴി ഇത് തടയാനാകും എന്നാണ് ചിണ്ടു വെർമ മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ്റെ നിർദേശം വലിയ വിവാദത്തിനാണ് വഴിതുറന്നത്. ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ അജണ്ടയുടെ ഭാഗമായുള്ള പുതിയ തന്ത്രമാണ് ഗർബ പന്തലുകളിലെ ഗോമൂത്രം കുടിപ്പിക്കലെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് വക്താവ് നീലഭ് ശുക്ല ആരോപിച്ചു. പന്തലിൽ പ്രവേശിക്കുന്നതിന് മാത്രമല്ല, സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നതിനു മുമ്പും ബിജെപി നേതാക്കൾ ഗോമൂത്രം കുടിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp